ന്യൂദല്‍ഹി: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് തിരിച്ചു വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത കുറ്റപ്പെടുത്തി.
‘നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ആരും ഞങ്ങളുടെ അഭിപ്രായം എന്താണെന്ന് പോലും ചോദിക്കുന്നില്ല. ഫെഡറല്‍ സംവിധാനത്തെ തരിപ്പണമാക്കാന്‍ ശ്രമിക്കരുത്’, മമത വീഡിയോ കോണ്‍ഫറന്‍സില്‍ പൊട്ടിത്തെറിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെത്തന്നെ കേന്ദ്രം ബംഗാളിനെതിരെ കരുക്കള്‍ നീക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. ലോക്ഡൗണ്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രാലയം കേന്ദ്ര സംഘത്തെ അയച്ചപ്പോള്‍മുതല്‍ വാക്പോരുകള്‍ ആരംഭിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെടുത്തി മമത പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു.
ഇതിന് പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് ബംഗാളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ആരോപിച്ചതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.









































