gnn24x7

സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍

0
261
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ വിയോജിപ്പാണ് വിട്ടു നില്‍ക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന കക്ഷികള്‍ക്ക് ബി.ജെ.പിയോട് ഒരു മൃദുസമീപനമുള്ളതായി ബി.ജെ.പി നേതൃത്വവും അവകാശപ്പെടുന്നുണ്ട്.

ഇന്ന് മൂന്നു മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേരാന്‍ 18 പ്രതിപക്ഷ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചത്. കൊവിഡിനെ പ്രതിരോധിക്കുന്നതിലും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ അപര്യാപതതയുമാണ് പ്രധാനമായും യോഗത്തിന്റെ ചര്‍ച്ചാ വിഷയം.

വെസ്റ്റ് ബെംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍, എന്‍.സി.പി തലവന്‍ ശരദ് പവാര്‍, ഇടതുപക്ഷ പാര്‍ട്ടികള്‍, മറ്റു യു.പി.എ കക്ഷികള്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

മമത ബാനര്‍ജിയും ഇടതു പക്ഷ പാര്‍ട്ടികളും പങ്കെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. 35 വര്‍ഷത്തോളം ബി.ജെ.പിയുമായി സഖ്യകക്ഷിയായിരുന്ന ശിവസേനയെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ കക്ഷികളുമായി ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായിരിക്കും.

ഏപ്രിലിലായിരുന്നു യോഗം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കം ചില നേതാക്കള്‍ ഇത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ക്കെതിരെ ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വേണമെന്നതിനാലാണ് യോഗം പെട്ടെന്ന് സംഘടിപ്പിക്കാന്‍ തീരുമാനമായത്.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നുണ്ട്. ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും വിമര്‍ശനമുയരുന്നുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here