ന്യൂഡല്‍ഹി: മൂന്നാം വട്ടവും ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ കേജ്‌രിവാളിനെ പ്രശംസിച്ച മിലിന്ദ് ഡിയോറയ്ക്ക് കോണ്‍ഗ്രസ് വിട്ടോളാനുള്ള മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍.
അരവിന്ദ് കേജ്‌രിവാള്‍ തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു മിലിന്ദ് ദിയോറയുടെ പോസ്റ്റ്. “അധികം ആര്‍ക്കും അറിയാത്തതും അഭിനന്ദനീയവുമായ വസ്തുതയാണ് അരവിന്ദ് കേജ്‌രിവാള്‍ നേതൃത്വം നല്‍കിയ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വരുമാനം ഇരട്ടിയാക്കി അറുപതിനായിരം കോടിയിലെത്തിച്ചുവെന്നത്. കൂടാതെ അഞ്ചുവര്‍ഷമായി റവന്യൂ സര്‍പ്ലസ് നിലനിര്‍ത്താനും സാധിച്ചു. ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക ജാഗ്രതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി”, ഇതായിരുന്നു മിലിന്ദ് കുറിച്ച ട്വീറ്റ്.
എന്നാല്‍, മിലിന്ദിന്‍റെ ട്വീറ്റിന് രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
‘സഹോദരാ, വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ടോളൂ. അതിന് ശേഷം അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ചു കൊള്ളൂ’ അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു. കൂടാതെ കോണ്‍ഗ്രസും ആം ആദ്മി ഭരിച്ച സമയത്തെ സി.എ.ജി.ആര്‍. ശതമാനക്കണക്കുകളും അജയ് മാക്കന്‍ ട്വിറ്ററില്‍ കുറിച്ചു.