gnn24x7

രാജ്യത്തെ ദാരിദ്ര്യം കണക്കാക്കാന്‍ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍: ഇനി വരുമാനം മാത്രമല്ല അടിസ്ഥാനമാകുക

0
524
gnn24x7

ന്യൂദല്‍ഹി: രാജ്യത്തെ ദാരിദ്ര്യനിരക്ക് കണ്ടെത്താന്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വേക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി സംഘടിപ്പിക്കാനൊരുങ്ങുന്ന സര്‍വേയില്‍ ദാരിദ്ര്യനിരക്ക് നിശ്ചയിക്കുന്നതില്‍ വരുമാനത്തിന് പുറമെ പോഷകാഹാരം, കുടിവെള്ളം, പാചക ഇന്ധനം, ഭവനം എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കും.

ജനങ്ങളുടെ ദാരിദ്ര്യവും ജീവിതനിലവാരവും സംബന്ധിച്ച കണക്കുകള്‍ക്കനുസരിച്ചാണ് സര്‍ക്കാരുകള്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതിനാല്‍ ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യം വെച്ചെത്തുന്ന പദ്ധതികള്‍ക്കെല്ലാം അടിസ്ഥാനമാകാന്‍ പോകുന്നത് പുതിയ സര്‍വേ ഫലങ്ങളായിരിക്കും. പാവപ്പെട്ടവരുടെ കണക്കെടുക്കുന്നതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നത് മാത്രം ഉള്‍പ്പെടുത്തിയ ദാരിദ്രരേഖ രീതിക്കായിരിക്കും ഈ സര്‍വേക്ക് ശേഷം മാറ്റം വരാന്‍ പോകുന്നത്.

പുതിയ സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ദാരിദ്ര സൂചിക അനുസരിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പട്ടികപ്പെടുത്താനാണ് നിതി ആയോഗിന്റെ തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവഴി ദാരിദ്രനിര്‍മാര്‍ജനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായി മത്സരം നടക്കുമെന്നും അത് ഐക്യരാഷ്ട്ര സംഘടനയുടെ ദാരിദ്ര സൂചിക കണക്കുകളില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്തുമെന്നുമാണ് കേന്ദ്രം കരുതുന്നത്.

സ്റ്റാറ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പാണ് സര്‍വേ നടത്തുക. അതേസമയം ഇതു സംബന്ധിച്ച രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക നിതി ആയോഗായിരിക്കും. ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം രാജ്യങ്ങളെ പട്ടികപ്പെടുത്തുന്ന യു.എന്‍.ഡി.പിക്ക് ഈ സര്‍വേ ഫലങ്ങള്‍ കൈമാറുമെന്നാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്  ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യം (ശിശുമരണനിരക്ക്, പോഷണം) വിദ്യാഭ്യാസം, ജീവിതനിലവാരം(വെള്ളം, ശുചിത്വം, വൈദ്യുതി, പാചകഇന്ധനം, കെട്ടിടം, സമ്പത്ത്) എന്നീ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്  ബഹുമുഖ ദാരിദ്ര്യസൂചിക പ്രധാനമായും തയ്യാറാക്കുന്നത്.

100 മില്യണ്‍ ജനങ്ങളുടെ കൂടി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സി രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2014ല്‍ എന്‍.ഡി.എ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here