കശ്മീര്‍: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് സഹായം ഒരുക്കികൊടുത്ത ആള്‍ അറസ്റ്റില്‍.
ജയ്‌ഷെ അനുഭാവിയായ ഷക്കീര്‍ ബഷീര്‍ മഗ്രേയെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. ഇയാളാണ് ആദില്‍ മുഹമ്മദ് ഖാന് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റു ചെയ്ത ഇയാളെ ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയും വിശദമായ ചോദ്യം ചെയ്യലിനായി 15 ദിവസത്തേയ്ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിടുകയും ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചാവേറായ ആദില്‍ മുഹമ്മദ് ഖാനെ കൂടാതെ സഹായിയായിരുന്ന പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖും താമസിച്ചത് ഷക്കീറിന്‍റെ വീട്ടിലാണെന്നാണ് വ്യക്തമാകുന്നത്.
അറസ്റ്റിലായ ഷക്കീര്‍ പുല്‍വാമയിലെ കാകപോരയില്‍ ഗൃഹോപകരണക്കട നടത്തിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പുല്‍വാമ ആക്രമണത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള നിരവധി ജെയ്‌ഷെ ഭീകരര്‍ക്ക് പല അവസരങ്ങളിലും ആയുധങ്ങളും വെടിക്കോപ്പുകളും പണവും സ്‌ഫോടകവസ്തുക്കളും താന്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഷക്കീര്‍ വ്യക്തമാക്കിയിരുന്നു.
മുഹമ്മദ് ഉമര്‍ ഫാറൂഖിന്‍റെ നിര്‍ദേശപ്രകാരം ഷക്കീര്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയിലൂടെ സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹം കടന്നുപോകുന്നത് നിരീക്ഷിക്കാന്‍ ആരംഭിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഹമ്മദ് ഉമറിനും ആദിലിനും കൈമാറുകയും ചെയ്തുവെന്നും ഷക്കീര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
2019 ഫിബ്രവരി 14 നാണ് പുല്‍വാമ ആക്രമണം ഉണ്ടായത്. അന്ന് നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.