ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ വാദം നടന്നു.
ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയത്. ഈ കേസില്‍ ദയാഹര്‍ജി സമര്‍പ്പിച്ച രണ്ടാമത്തെ പ്രതിയാണ് വിനയ് ശര്‍മ്മ. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സി൦ഗിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി മുന്‍പേ തള്ളിയിരുന്നു.
ഒരു കൊടും കുറ്റവാളിയെ വധശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ “പുതിയ അടവ്” പുറത്തെടുക്കുന്ന അഭിഭാഷകന്‍ എ പി സിംഗ് ആയിരുന്നു ഇന്ന് കോടതിയിലെ താരം… !!
“വിനയ് ശർമയുടെ മാനസിക നില ശരിയല്ല, മാനസിക പീഡനത്തെത്തുടർന്ന് വിനയ് “mental trauma” യിലൂടെകടന്ന് പോകുകയാണ്. ഈയവസ്ഥയില്‍ തന്‍റെ കക്ഷിയെ തൂക്കിക്കൊല്ലാൻ കഴിയില്ല. ജയിലില്‍ മനോരോഗ വിദഗ്ദ്ധന്‍ തന്‍റെ കക്ഷിയെ നിരന്തരം പരിശോധിക്കുന്നുവെന്നും മരുന്നുകൾ നൽകി വരുന്നുണ്ട്”, അഭിഭാഷകന്‍ എ പി സിംഗ് കോടതിയില്‍ പറഞ്ഞു.
ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥ അനുസരിച്ച് തൂക്കിക്കൊല്ലുന്ന സമയത്ത്, കുറ്റവാളികൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം, ഒരു രോഗവും ഉണ്ടാകരുത്. ഈ അവസരമാണ് ഇപ്പോള്‍ വിനയ് ശര്‍മ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ എ പി സിംഗ് പുറത്തെടുത്തിരിക്കുന്നത്.
മുന്‍പും മാനസികനില ശരിയല്ല എന്ന വിലയിരുത്തലില്‍ തീവ്രവാദി ദേവേന്ദ്ര പാൽ സിംഗ് ഭുള്ളറിന്‍റെ വധശിക്ഷ റദ്ദാക്കുകയും, ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.
ഇനി പ്രതികളിലൊരാളായ പവന്‍ ഗുപ്തയാണ് ദയാഹര്‍ജിയ്ക്കായി അവശേഷിക്കുന്നത്. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് ജയില്‍ ചട്ടം. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.
ഡല്‍ഹി ജയില്‍ ചട്ടമനുസരിച്ച് ദയാഹര്‍ജിയടക്കം നിയമത്തിന്‍റെ എല്ലാ പഴുതുകളും അടഞ്ഞതിനുശേഷം മാത്രമേ ഒരു കുറ്റവാളിയെ തൂക്കികൊല്ലാന്‍ സാധിക്കൂ. വധശിക്ഷ ഉറപ്പായപ്പോള്‍, വധശിക്ഷ വൈകിക്കാനുള്ള തിരക്കിലാണ് നിര്‍ഭയ കേസിലെ പ്രതികള്‍ എന്നത് നിയമസഹായം തേടുന്നതില്‍ കാണിക്കുന്ന കാലതാമസം വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പ്രതികളുടെ അഭിഭാഷകന്‍ നിയമസഹായം തേടുന്നതില്‍ കാണിക്കുന്ന കാലതാമസത്തെ ചോദ്യം ചെയ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് രംഗത്തെത്തി. ഇവര്‍ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്നും കുറ്റവാളികളുടെ അഭിഭാഷകർ, അവര്‍ക്ക് അര്‍ഹതപ്പെട്ട നിയമപരമായ പരിഹാരങ്ങൾ ഉപയോഗിക്കാൻ വളരെയധികം സമയമെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.