ന്യൂഡല്‍ഹി: നാടകീയരംഗങ്ങള്‍ക്കൊടുവില്‍ നിര്‍ഭയയ്ക്ക് ഇന്ന് നീതി ലഭിച്ചു. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ 5:30 ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ സെല്ലില്‍ നടപ്പിലാക്കി.
നിര്‍ഭയയ്ക്ക് നീതികിട്ടിയ നിമിഷം നിര്‍ഭയയുടെ അമ്മയായ ആശ ദേവി താമസിക്കുന്ന സൊസൈറ്റിയ്ക്ക് മുന്നില്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. ശേഷം ജനകൂട്ടത്തിലേയ്ക്ക് ഇറങ്ങി വന്ന ആശ ദേവിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
‘വിധി നടപ്പിലായ ശേഷം തന്‍റെ മകളുടെ ചിത്രം നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഞാന്‍ അവളോട് പറഞ്ഞു… മകളെ നിനക്ക് ഇന്ന് നീതി ലഭിച്ചു… തന്‍റെ മകളെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും ഇന്ന് അവള്‍ ജീവിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒരു ഡോക്ടറുടെ അമ്മയെന്ന്‍ അറിയപ്പെട്ടേനെയെന്നും അവര്‍ പ്രതികരിച്ചു.
വികാരാധീനയായുള്ള ആശാദേവിയുടെ ഈ വാക്കുകള്‍ കേട്ടുനിന്നവരുടേയും കണ്ണ്‍ നനയിച്ചു. കൂടാതെ സ്ത്രീകളോട് നമ്മുടെ രാജ്യത്തെ ഏതൊരു പെണ്‍കുട്ടിയോടും ആരെങ്കിലും അന്യായം നടത്തിയാല്‍ അവളുടെ കൂടെ നില്‍ക്കണമെന്നും ആശാദേവി അഭ്യര്‍ത്ഥിച്ചു.
താന്‍ ഇനിയും പോരാടുമെന്നും രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം നിലക്കില്ലയെന്നും ആശാ ദേവി പറഞ്ഞു. കൂടാതെ ഇന്ന്‍ വിധി നടപ്പിലാക്കിയതോടെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഇതാദ്യമായാണ് നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റുന്നതെന്നും, വൈകിയാണെങ്കിലും തന്‍റെ മകള്‍ക്ക് നീതി ലഭിച്ചുവെന്നും. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നും കുറ്റവാളികളുടെ എല്ലാ കുതന്ത്രങ്ങളെയും കാറ്റില്‍ പരത്തിയ രാജ്യത്തെ നീതിന്യായവ്യവസ്ഥയ്ക്ക് താന്‍ നന്ദി പറയുന്നുവെന്നും ആശ ദേവി പ്രതികരിച്ചു.





































