gnn24x7

20 ലക്ഷം കോടിയുടെ പാക്കേജ്; ഒരിന്ത്യ ഒരു കൂലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സഹായം

0
245
gnn24x7

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സഹായങ്ങളാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

പ്രത്യേക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനത്തില്‍ ഒന്‍പത് ഇന പ്രഖ്യാപനങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്ന് പദ്ധതികള്‍ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും.

കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും തുടര്‍ന്നും പണലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി അറിയിച്ചു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ രാജ്യത്തെ 25 ലക്ഷം കര്‍ഷകര്‍ക്ക് 25000 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും തുക നല്‍കിയത്.

3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പയ്ക്കുള്ള അധിക പലിശ സബ്‌സിഡി മെയ് 31 വരെ നീട്ടി. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തില്‍ ചിലവിട്ടു. ഈ പലിശയ്ക്ക് മൊറട്ടോറിയം ബാധകമായിരിക്കില്ല.

കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും കൊവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്നും കൊവിഡ് കാലത്ത് സര്‍ക്കാര്‍ വെറുതെ ഇരിക്കുകയായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ വേണ്ടത് ചെയ്തിട്ടുണ്ട്. 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ ഇതിനോടകം കൈമാറിയതാണ് ധനമന്ത്രി അറിയിച്ചു.

സംസ്ഥാന ദുരന്തനിവാരണ നിധി മുഖേനയാണ് ഈ തുക കൈമാറിയത്. അഭയ കേന്ദ്രങ്ങള്‍ക്കും ഭക്ഷണം നല്‍കാനും കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 50 ശതമാനം പേര്‍ വരെ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

2.33 കോടി ആളുകളാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു വരെ 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നല്‍കി. തൊഴിലുറപ്പ് പദ്ധതി മഴക്കാലത്തും നടത്തും. തോട്ടം, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി വളര്‍ത്തല്‍ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.

സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും. ഒരിന്ത്യ ഒരു കൂലി നടപ്പാക്കും. ജോലി സ്ഥലത്തെ സുരക്ഷാ മാദണ്ഡങ്ങള്‍ കര്‍ശനമാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും.

തൊഴില്‍ മേഖലയില്‍ ലിംഗനീതി ഉറപ്പാക്കും. സമസ്ത തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തനാവകാശം. അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യം. മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. 8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുണം കിട്ടും. നടത്തിപ്പ് ചുമതല സംസ്ഥാനങ്ങള്‍ക്ക് ആയിരിക്കും. റേഷന്‍ കാര്‍ഡില്ലാത്ത എല്ലാവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പ്രഖ്യാപിച്ചു. ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടേയും ഉപയോഗിക്കാം. 2021 ഓടെ പ്രാബല്യത്തില്‍വരും. 67 കോടി കാര്‍ഡുകള്‍ ഓഗസ്റ്റില്‍ മാറ്റും.

മിനിമം കൂലിയിലെ പ്രാദേശിക വേര്‍തിരിവ് ഇല്ലാതാക്കും. അതിഥി തൊഴിലാളികള്‍ക്കായി ന്യായമായ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. പദ്ധതി നടപ്പാക്കുക പ്രധാനമന്ത്രി ആവാസ് യോജന വഴിയാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട – ഇടത്തരം വ്യാപാരികള്‍, ചെറുകിട സംരഭങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ ധനമന്ത്രി നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here