അതിർത്തി തർക്കം രൂക്ഷമായതോടെ ചൈനയോടുള്ള ഇന്ത്യൻ ജനതയുടെ രോഷവും ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതിനിടെ ഡൽഹിയിൽ ചൈനീസ് പൗരന്മാർക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടൽ ഉടമകൾ രംഗത്തെത്തി. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡൽഹി ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് ഓണേഴ്സ് അസോസിയേഷൻ (ഡിഎച്ച്ആർഒഎ) വ്യക്തമാക്കി.
കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) ‘ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്ന പ്രചാരണത്തിന് അസോസിയേഷൻ പർണ പിന്തുണ നൽകുന്നുവെന്നും വ്യക്തമാക്കി. ഡൽഹിയിൽ മൂവായിരത്തോളം ബജറ്റ് ഹോട്ടലുകളും വിവിധ ഗസ്റ്റ് ഹൗസുകളിലായി 75,000ൽ പരം മുറികളുമുണ്ട്.
ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കില്ലെന്നും ഡിഎച്ച്ആർഒഎ തീരുമാനിച്ചു. 2021 ഡിസംബറോടെ ചൈനയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സിഎഐടി തീരുമാനിച്ചു.
എന്തിരുന്നാലും കൊറോണ ലോക്ക്ഡൌൺ കാരണം അടച്ചിട്ട ഹോട്ടലുകൾ ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല.





































