gnn24x7

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് തുറക്കില്ല

0
192
gnn24x7

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചൂപൂട്ടിയ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമോ എന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും.

അധ്യായന വര്‍ഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഈ അക്കാദമിക വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും തീരുമാനമുണ്ട്.

ഇന്ത്യയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലായിരുന്നു. ഘട്ടംഘട്ടമായി തുറക്കാനായിരുന്നു ആലോചന.

10,11,12 ക്ലാസുകള്‍ ആദ്യം ആരംഭിച്ച്, തുടര്‍ന്ന് 6 മുതല്‍ 9 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്ന്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ രീതിയില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം പാലിച്ചുപോലും സ്‌കൂളുകള്‍ തുറക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here