ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം അഭൂതപൂർവമാണ്, അതിനാൽ അത്യപൂര്‍വ്വമായ ചില തീരുമാനങ്ങൾ സര്‍ക്കാരിന് എടുക്കേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി.
കോവിഡിനെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്നും Lock down അല്ലാതെ മറ്റു മാര്‍ഗമില്ല എന്നും അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ജനങ്ങളുടെ ദുരിതത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നിങ്ങളുടെ ജീവിതത്തില്‍, പ്രത്യേകിച്ച് പാവപ്പെട്ട ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഈ കഠിനമായ നടപടികള്‍ സ്വീകരിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളില്‍ ചിലര്‍ എന്നോട് ദേഷ്യപ്പെടുമെന്ന് എനിക്കറിയാം. എന്നാല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ ഈ കടുത്ത നടപടികള്‍ അനിവാര്യമാണ്’, മോദി പറഞ്ഞു.
കോവിഡിനെതിരെ ലോകം മുഴുവന്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും, അദ്ദേഹം പറഞ്ഞു.
‘കൊറോണ വൈറസുമായി പോരാടുന്ന നിരവധി സൈനികരുണ്ട്. അവര്‍ വീടുകളില്‍ നിന്നല്ല, അവരുടെ വീടുകള്‍ക്ക് പുറത്തുനിന്നാണ് പോരാടുന്നത്. ഇവരാണ് ഞങ്ങളുടെ മുന്‍നിര സൈനികര്‍. പ്രത്യേകിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ നിലകളില്‍ ജോലിചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍”, മോദി പറഞ്ഞു.
 
                






