gnn24x7

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

0
270
gnn24x7

ന്യൂഡൽഹി: കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ബിൽ കർഷകർക്ക് താങ്ങു വില ഉറപ്പാക്കുന്നതിനെ ബാധിക്കില്ല. കർഷകരിൽ നിന്നും നേരിട്ട് ഉൽപന്നങ്ങൾ ശേഖരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നിർണായക നിമിഷം! പാർലമെന്റിൽ സുപ്രധാന ബില്ലുകൾ പാസാക്കിയതിന്  കഠിനാധ്വാനികളായ കർഷകരെ അഭിനന്ദിക്കുന്നു, ഇത് കാർഷിക മേഖലയുടെ സമ്പൂർണ്ണ പരിവർത്തനം ഉറപ്പാക്കുകയും കോടിക്കണക്കിന് കർഷകരെ ശാക്തീകരിക്കുകയും ചെയ്യും ”- മോദി ട്വിറ്ററിൽ പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യൻ കർഷകനെ ഇടനിലക്കാർ ചൂഷണം ചെയ്തു വരികയായിരുന്നു. പാർലമെന്റ് പാസാക്കിയ ബില്ലുകൾ കർഷകരെ അത്തരം പ്രതിസന്ധികളിൽ നിന്നും  മോചിപ്പിക്കും. ഈ ബില്ലുകൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവർക്ക് കൂടുതൽ അഭിവൃദ്ധി ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രേരണ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്നതിന് നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ആവശ്യകതയുണ്ട്. ഈ ബില്ലുകള്‍ പാസായതോടെ നമ്മുടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളിലേക്ക് എളുപത്തില്‍ പ്രവേശിക്കാനാകും. അത് ഉൽപാദനം വര്‍ധിപ്പിക്കാനും മികച്ച ഫലം ലഭ്യമാക്കാനുമിടയാക്കും. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ കര്‍ഷകരെ സേവിക്കാന്‍ തങ്ങള്‍ ഇവിടെയുണ്ട്. അവരെ പിന്തുണയ്ക്കാനും അവരുടെ വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സാധ്യമായതെല്ലാം ചെയ്യും, അക്കാര്യം ഒരിക്കല്‍ കൂടി താന്‍ പറയുന്നുവെന്നും മോദി വ്യക്തമാക്കി.

കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയിലാണ് ലോക്സഭയും രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.

പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here