ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി വ്യേമസേനയുടെ ഭാഗമാകും. ഇന്ന് രാവിലെ 10ന് അംബാലയിലെ എയർബേസിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും പങ്കെടുക്കും. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജമാകുന്നത്.
രാവിലെ ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ഫ്ലോറൻസ് പാർലി അംബാലയിലേക്ക് പോകും. സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. റഫാൽ, തേജസ്സ് വിമാനങ്ങളുടെ വ്യോമപ്രകടനവും ഉണ്ടാവും.
ജൂലായ് 29നാണ് ഫ്രാൻസിൽനിന്ന് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 36 വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണമാണ് ആദ്യഘട്ടത്തിൽ എത്തിയത്. അടുത്ത നാലു വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.