ന്യൂദൽഹി: ലോക്ക് ഡൗണിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗൺ ഇങ്ങനെ തുടർന്നാൽ ശരിയാകില്ലെന്നും നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനത്തിന് സഹായമെത്തിക്കാതെയുള്ള ലോക്ക് ഡൗൺ ദുരന്തമാകുമെന്നും വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സഹായം നൽകണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
”സർക്കാർ ഈ ഘട്ടത്തിലെങ്കിലും കുറച്ച് സുതാര്യത ഉറപ്പാക്കണം. എപ്പൊഴാണ് രാജ്യം തുറന്ന് പ്രവർത്തിക്കുക എന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. ഇടയ്ക്ക് തുറന്നും അടച്ചും കളിക്കാൻ ലോക്ക് ഡൗൺ ഒരു താക്കോലൊന്നുമല്ല .” . രഹുൽ പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെയാണ് കോൺഗ്രസ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. സഹായം ആവശ്യമുള്ള തൊഴിലാളികൾക്ക് കോൺഗ്രസ് ടിക്കറ്റ് എടുത്തു നൽകുമെന്നും സോണിയ വ്യക്തമാക്കിയിരുന്നു.
നേരത്തെ ലോക്ക് ഡൗണിന്റെ ഭാരം സഹായമൊന്നും നൽകാതെ സംസ്ഥാന സർക്കാരുകളുടെ മേൽ കേന്ദ്രം കെട്ടിവയ്ക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വേണ്ടി പ്രത്യേക യോഗവും സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ ലോക്ക് ഡൗണിന് ശേഷം എന്താണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് സോണിയയും മൻമോഹൻ സിങും ഉൾപ്പെടയുള്ളവർ ആരാഞ്ഞിരുന്നു.
                









































