ന്യൂഡല്‍ഹി: ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്ന വാള്‍ സ്ട്രീറ്റ് ലേഖനത്തെച്ചൊല്ലി വിവാദം. വാട്സാപ്പിനെയും ഫേസ് ബുക്കിനെയും രാജ്യത്ത് ബിജെപിയാണ് നിയന്ത്രിക്കുന്നതെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണ്, അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ബിജെപി നേതാക്കളെ ഫേസ്ബുക്കിന് പേടിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
അതേസമയം രാഹുലിന് മറുപടിയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. സ്വന്തം പാര്‍ട്ടിയിലുള്ളവരെ സ്വാധീനിക്കാന്‍ കഴിയാത്തവരാണ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി. ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ജീവനക്കാർക്ക് ഫേസ്ബുക്ക് നിർദേശം നൽകിയെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നുവെന്നും കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോഹിങ്ക്യൻ അഭയാര്‍ഥികളായ മുസ്‍ലിംകളെ വെടിവെച്ച് കൊല്ലണം. മുസ്‍ലിം പള്ളികൾ ഇടിച്ചുനിരത്തണം എന്നതടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ ടി രാജ സിങ് ഫെയ്‍സ്‍ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നത്. കമ്പനിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചുവെന്ന് മാത്രമല്ല, രാജയെ അതീവ അപകടകാരിയായെന്ന് പ്രഖ്യാപിക്കണമെന്നും ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിച്ചിരുന്നതാണ്. എന്നാൽ വിഷയത്തിൽ എഫ്ബി ഇന്ത്യയുടെ പൊതുനയ വിഭാഗം മേധാവിയായ അങ്കിദാസ് ഇടപെട്ടു. നടപടി വേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നൽകുകയായിരുന്നു. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടക്കാതിരിക്കാന്‍ കാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ക്യാംപയിന്‍ തുടങ്ങിയിട്ടുണ്ട്.