ന്യൂദല്‍ഹി: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വേ സുരക്ഷാസേന.
മെയ് 9 മുതല്‍ 29 വരെയുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
മെയ് ഒന്ന് മുതല്‍ മെയ് 27 വരെ 3,840 ശ്രമിക് ട്രെയിനുകളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് സര്‍വീസ് നടത്തിയത്. അഞ്ച് ദശലക്ഷം തൊഴിലാളികളെയാണ് ശ്രമിക് ട്രെയിന്‍ വഴി നാട്ടിലെത്തിച്ചത്.
എന്നാല്‍, യാത്രക്കിടെയുണ്ടായ തിക്കും തിരക്കും ഭക്ഷണവും വെള്ളവും ലഭ്യമാകാത്ത അവസ്ഥയും ചൂടും കാരണം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റെയില്‍വേ സുരക്ഷാ സേന വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ തന്നെ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യമായാണ് ഇത്തരത്തില്‍ ശ്രമിക് ട്രെയിന്‍ യാത്രക്കിടെ മരണപ്പെടുന്നവരുടെ കണക്ക് റെയില്‍വേ സുരക്ഷാ സേന പുറത്തുവിടുന്നത്. പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നതെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സോണില്‍ 18 പേരും, നോര്‍ത്ത് സെന്‍ട്രല്‍ സോണില്‍ 19 പേരും, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണില്‍ 13 പേരുമാണ് ട്രെയിന്‍ യാത്രക്കിടെ മരണപ്പെട്ടത്. ശ്രമിക് ട്രെയിനുകളുടെ 80 ശതമാനവും ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തിയത്.
അതേസമയം, ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ മരിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് പ്രതികരിച്ചത്. മരണം ആരുടേതാണെങ്കിലും അത് നഷ്ടം തന്നെയാണ്. ട്രെയിന്‍ യാത്രക്കിടെ ആര്‍ക്കെങ്കിലും പെട്ടെന്ന് അസുഖം പിടിപെടുകയും ചികിത്സ ആവശ്യമായി വരികയും ചെയ്താല്‍ എത്രയും പെട്ടെന്ന് ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്ന് ചട്ടമുണ്ട്. അത്തരത്തില്‍ പല ട്രെയിനുകളിലും ഉണ്ടായ സംഭവങ്ങളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രസവമുള്‍പ്പെടെ ട്രെയിനില്‍ വെച്ച് ഉണ്ടായ സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ അവസ്ഥ മനസിലാകും. എന്നാല്‍ ഇത്തരം മരണങ്ങളുടെ കാര്യങ്ങളില്‍ ലോക്കല്‍ സോണ്‍ അന്വേഷണം നടത്തും. എന്നാല്‍ അതിന് മുന്‍പായി ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന നിഗമനത്തിലൊന്നും എത്താന്‍ കഴിയില്ല. കാരണം ട്രെയിനുകളിലെ എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ ഭക്ഷണം എത്തിച്ചിരുന്നു. ചില മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ കൃത്യം കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല”, അദ്ദേഹം പറഞ്ഞു.
ഗുരുതര രോഗമുള്ളവരും പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളും ശ്രമിക് ട്രെയിനുകളിലെ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.






































