gnn24x7

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഗുലാബ് ചന്ദ് കട്ടാരിയ

0
315
gnn24x7

ജയ്പൂര്‍: അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ പുതിയ നീക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേര്‍ന്ന ആദ്യത്തെ യോഗമാണിത്.

യോഗത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നീക്കുമെന്ന തീരുമാനം കട്ടാരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഇടര്‍ച്ചയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും തിരിച്ച് പാര്‍ട്ടിയില്‍ എത്തിയതോടെ രാജസ്ഥാനില്‍ നിലനിന്നിരുന്ന പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ എം.എല്‍.എമാരും സര്‍ക്കാരിനൊപ്പം കരുത്തോടെ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും കൊവിഡിനെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും പോരാടുമെന്നും പറഞ്ഞിരുന്നു.

gnn24x7