ഹിന്ദു അവിഭക്ത കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കു തുല്യ അവകാശം മുന്‍കാല പ്രാബല്യത്തോടെ അരക്കിട്ടുറപ്പിച്ച സുപ്രീം കോടതി വിധി 40000 കോടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ചെന്നൈ ആസ്ഥാനമായുള്ള മുരുഗപ്പ കുടുംബ വ്യവസായ ഗ്രൂപ്പിന്റെ തലക്കുറി മാറ്റിമറിച്ചു. അമരത്തേക്ക് സ്ത്രീകള്‍ക്കു കടന്നു വരാന്‍ ഗ്രൂപ്പിലുണ്ടായിരുന്ന പരമ്പരാഗത വിലക്ക് പരമോന്നത കോടതിയുടെ പിന്തുണയോടെ മറികടന്നിരിക്കുകയാണ് 2017 ല്‍ അന്തരിക്കുന്നതുവരെ ഗ്രൂപ്പ് സാരഥിയായിരുന്ന എം.വി. മുരുകപ്പന്റെ രണ്ട് പുത്രിമാര്‍.
മുരുകപ്പന് ആണ്‍മക്കള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ചില അമ്മാവന്മാരും മറ്റ് ബന്ധുക്കളും ഒത്തു ചേര്‍ന്ന് തന്ത്രപരമായി തങ്ങളെ ബോര്‍ഡ് അംഗത്വം തരാതെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് ഈ വര്‍ഷാദ്യം മുതല്‍ പരസ്യമായി ഇക്കാര്യം ചോദ്യം ചെയ്തുപോന്ന മുരുകപ്പന്റെ മൂത്ത മകള്‍ വള്ളി അരുണാചലം ചൂണ്ടിക്കാട്ടിയിരുന്നു.മുരുകപ്പന്‍ തന്റെ ‘എംവിഎം ഹിന്ദു അവിഭക്ത കുടുംബ’ത്തിന്റെ കൈകാര്യച്ചുമതല ഏല്‍പ്പിച്ചിരുന്നയാളാണ് ആണവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്ത ശേഷം അമേരിക്കയില്‍ ജോലി ചെയ്തുവരുന്ന വള്ളി അരുണാചലം.
വള്ളിയുടെ അനുജത്തിയും അമ്മയും ബിസിനസില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.സ്ത്രീ അവകാശികള്‍ക്ക് കുടുംബ ബിസിനസില്‍ തുല്യ അവസരം നല്‍കണമെന്ന വള്ളിയുടെ ആവശ്യം മുരുകപ്പ ഗ്രൂപ്പില്‍ കൊടുങ്കാറ്റ് വീശിയതിനു പിന്നാലെയാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. അവിഭക്ത കുടുംബ സ്വത്തില്‍ പങ്കാളികളാകാനുള്ള പെണ്‍മക്കളുടെ അവകാശത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയെ വള്ളി അരുണാചലം സ്വാഗതം ചെയ്തു.
അച്ഛന്റെ ആഗ്രഹം മാനിച്ചാണ് തങ്ങളുടെ കുടുംബം മുരുഗപ്പ ഗ്രൂപ്പിലെ അമ്പാഡി ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (എഐഎല്‍) ബോര്‍ഡില്‍ പ്രാതിനിധ്യം തേടിയത്. ഈ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് തങ്ങള്‍ക്കാണ്.എന്നിട്ടും അനുമതി നിഷേധിക്കപ്പെട്ടുവെന്ന് വള്ളി അരുണാചലം ചൂണ്ടിക്കാട്ടി. 119 വര്‍ഷത്തെ മുരുഗപ്പ ഗ്രൂപ്പിന്റെ പാരമ്പര്യത്തിനു വരുദ്ധമായാണ് സ്ത്രീകള്‍ ബോര്‍ഡ് പ്രാതിനിധ്യം തേടുന്നതെന്നായിരുന്നു ചില ‘ചിറ്റപ്പന്മാരുടെ’ കൂട്ടായ മറുപടി. എംവിഎം കുടുംബത്തിന് ഇക്കാര്യം പറഞ്ഞ് ബോര്‍ഡ് പ്രാതിനിധ്യം നിഷേധിക്കപ്പെട്ടു.അതേസമയം, കുടുംബ വൃക്ഷത്തിലെ മറ്റെല്ലാ ശാഖകള്‍ക്കും ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ അമരത്തു തന്നെ പ്രാതിനിധ്യമുണ്ടെന്നും വള്ളി അരുണാചലം പറയുന്നു.
കാര്‍ബറണ്ടം യൂണിവേഴ്‌സല്‍, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്,ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി , ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ,കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍,കോറമാണ്ടല്‍ എഞ്ചിനീയറിംഗ് കമ്പനി, ഇ.ഐ.ഡി. പാരി (ഇന്ത്യ) ലിമിറ്റഡ്, പാരി അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ശാന്തി ഗിയേഴ്‌സ് ലിമിറ്റഡ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ, ് വെന്‍ഡ് (ഇന്ത്യ) ലിമിറ്റഡ് തുടങ്ങിയ ലിസ്റ്റഡ് കമ്പനികളിലൂടെ 28 തരം ബിസിനസുകളാണ് മുരിഗപ്പ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്.
‘പിതാവിന്റെ മരണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിലേറെയായിട്ടും, ഞങ്ങള്‍ രണ്ട് പെണ്‍മക്കളും എന്റെ അമ്മയും ഞങ്ങളുടെ സ്വത്തിന്റെ ന്യായമായ മൂല്യം നേടാന്‍ ഇപ്പോഴും പാടുപെടുകയാണ്. പുരുഷ അവകാശികളെ മാത്രം ബിസിനസ്സ് സംരംഭങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഒരു സമ്പ്രദായമാണ് കുടുംബം ചരിത്രപരമായി പിന്തുടരുന്നത്. ഈ പോരാട്ടം ഞങ്ങള്‍ക്ക് വേണ്ടിയല്ല, വിവേചനം നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ‘- വള്ളി അരുണാചലത്തിന്റെ വാക്കുകള്‍.എം.വി. മുരുകപ്പന്റെ അമ്മാവന്മാരില്‍ ഒരാളായിരുന്ന എ.എം.എം മുരുകപ്പ ചെട്ടിയാര്‍ പുത്രന്മാരില്ലാതിരുന്നതിനാല്‍ ഒരു ആണ്‍കുഞ്ഞിനെ ദത്തെടുത്ത് സ്വത്ത് ഏല്‍പ്പിച്ചുകൊടുത്ത ചരിത്രമുണ്ട്. പക്ഷേ, എം.വി. മുരുകപ്പന്‍ തന്റെ സ്വത്തു മുഴുവന്‍ ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കും എഴുതിവയ്ക്കുകയായിരുന്നു.അതേസമയം, ആ സ്വത്തിന്റെ ബലത്തില്‍ ബിസിനസ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് മറ്റു ബന്ധുക്കള്‍ സ്വീകരിച്ചത്.
എല്ലാ ഇന്ത്യന്‍ സ്ത്രീകള്‍ക്കും ഇത് ഒരു മികച്ച ദിവസമാണ്. പെണ്‍മക്കളുടെ ജനനത്തീയതി ചികഞ്ഞുനോക്കി പൂര്‍വ്വിക സ്വത്തിലുള്ള അവകാശങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ഉച്ചത്തില്‍ വ്യക്തമാക്കുന്ന ഈ വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ പുന ഃസ്ഥാപിക്കുന്നു. പുരുഷാധിപത്യ വ്യവസ്ഥയിലെ സ്ത്രീകള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും തുല്യ അവകാശങ്ങള്‍ നേടുന്നതിനായി ദീര്‍ഘകാലമായി വിഷമിക്കുകയാണ്. പിന്തുടര്‍ച്ച, ജോലി, സാമൂഹിക പദവി തുടങ്ങി എല്ലാ കാര്യത്തിലും ഇതാണു സ്ഥിതി.സുപ്രീം കോടതി വിധിയിലൂടെ ശരിയായ ദിശയിലേക്കുള്ള സ്വാഗതാര്‍ഹമായ ഒരു ഘട്ടമാണുണ്ടായിരിക്കുന്നത്. ഒപ്പം ലിംഗസമത്വത്തിനായി തുടര്‍ന്നും പരിശ്രമിക്കുന്നതിന് ആവശ്യമായ ആക്കം നല്‍കുന്നു ഈ വിധി – വള്ളി അരുണാചലം ഇന്നലെ അഭിപ്രായപ്പെട്ടു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005 ല്‍ ഭേദഗതി ചെയ്യും മുന്‍പു ജനിച്ച പെണ്‍മക്കള്‍ക്കും കുടുംബ സ്വത്തില്‍ തുല്യാവകാശം ലഭിക്കുമെന്ന് സുപ്രീം കോടതി വിധിച്ചതോടെ വള്ളിക്കും അനുജത്തിക്കും അവരുടെ അമ്മയ്ക്കും വേണമെങ്കില്‍ ഗ്രൂപ്പിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളിലേക്കു കടന്നുവരാനുള്ള നൈയാമിക അവകാശം കൈവന്നു. സ്വത്തില്‍ അവകാശമുണ്ടായിരുന്ന പിതാവ് നിയമം ഭേദഗതി ചെയ്യും മുന്‍പ് മരിച്ചോ എന്നതു മകളുടെ അവകാശം സംബന്ധിച്ചു പ്രസക്തമല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കൊപ്പം സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ലിംഗ നീതി ഉറപ്പാക്കാനുള്ള നിയമഭേദഗതിയുടെ ലക്ഷ്യത്തെ കോടതികള്‍ പരാജയപ്പെടുത്തരുതെന്ന് കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്ക് ജന്മനാ ഉള്ള നിയമപരമായ അവകാശം സംബന്ധിച്ചു ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലുള്ള വ്യവസ്ഥയ്ക്ക് വ്യക്തത വരുത്തുകയാണ് കോടതി ചെയ്തത്. അവകാശം ജന്മനാ ഉള്ളതായതിനാലാണ് പിതാവിന്റെ മരണം ഭേദഗതിക്കു മുന്‍പാണോ എന്നത് പ്രസക്തമല്ലെന്ന നിലപാട്. 1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005 സെപ്റ്റംബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണു ഭേദഗതി ചെയ്തത്. നിയമത്തിലെ ആറാം വകുപ്പില്‍ വരുത്തിയ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതി തന്നെ മുന്‍പ് പല കേസുകളില്‍ വ്യത്യസ്ത വിധികള്‍ നല്‍കിയ പശ്ചാത്തലത്തിലുണ്ടായ റഫറന്‍സിനുള്ള മറുപടിയാണ് ഇന്നലെ മൂന്നംഗ ബെഞ്ച് നല്‍കിയത്.
സ്ത്രീകള്‍ക്കു തുല്യ പരിഗണന ഉറപ്പാക്കുന്നതാണ് കേരള നിയമസഭ പാസാക്കിയ കേരള ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായ (നിരോധന) നിയമം 1975. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പിന്നീട് ഇത്തരത്തില്‍ നിയമമുണ്ടാക്കി. ഈ നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് അഖിലേന്ത്യാ സ്വഭാവം നല്‍കാനാണ് 2005 ല്‍, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തത്. നിയമത്തിലെ പുത്രീ, പുത്ര വേര്‍തിരിവ് ഇപ്പോള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവായിരിക്കുകയാണ്. പുതിയ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ സ്വത്തവകാശം സ്ഥാപിച്ചുകിട്ടാന്‍ ഇനിയും ഹര്‍ജികള്‍ക്കു സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. ഭേദഗതി ചെയ്ത വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമുള്ള നിലവിലുള്ള കേസുകള്‍ 6 മാസത്തിനകം തീര്‍പ്പാക്കണമെന്നു സുപ്രീം കോടതി കോടതി നിര്‍ദേശിച്ചിട്ടുണ്ട്.






































