ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം തന്നെയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്.
തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഭയന്നിട്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയതെന്നും എന്നാല്‍ ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരിക്കലും ബഹുമാനം കിട്ടില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാംനിവാസ് റാവത്ത് പറഞ്ഞു.
” കോണ്‍ഗ്രസില്‍ നിന്നാല്‍ രാഷ്ട്രീയ ഭാവി അവസാനിച്ചു പോകുമെന്ന ഭയം കൊണ്ടാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്. അല്ലാതെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടല്ല. ചിലരുടെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും പക്ഷേ തീര്‍ച്ചയായും ആ അവസ്ഥ തരണം ചെയ്യും”, അദ്ദേഹം പറഞ്ഞു.
” ശിവരാജ് സിങ് വിഭിഷന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചത്. അത് അംഗീകാരമായി കാണണോ അപമാനമായി കാണണോ എന്നൊക്കെ ഞാന്‍ അദ്ദേഹത്തിന് തന്നെ വിടുന്നു. പക്ഷേ ഇന്ത്യയില്‍ ആരും അവരുടെ കുട്ടികള്‍ക്ക് വിഭിഷന്‍ എന്ന പേരിടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്നും ആര് പുറത്തുപോയാലും അത് വേദനയുള്ള കാര്യമാണെന്നും ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അധികാരമാണ് പ്രത്യയശാസ്ത്രത്തേക്കാള്‍ വലുതെന്ന് കരുതുന്നവരും ഉണ്ടെന്നും രണ്‍ദീപ് സുര്‍ജേവാലയും പറഞ്ഞിരുന്നു.






































