ചെന്നൈ: കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം. പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു. സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിനായി പ്രാർഥനയിലാണെന്നും ആശുപത്രി സന്ദർശിച്ച ശേഷം നടൻ കമൽ ഹാസൻ പറഞ്ഞു.
കഴിഞ്ഞ മാസം 5 ന് ആശുപത്രിയിലായതിനു പിന്നാലെ, ആരോഗ്യം മോശമായെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ടതു പ്രതീക്ഷ പകർന്നിരുന്നു. ഈ മാസം 7നു കോവിഡ് മുക്തനായെങ്കിലും ശ്വാസകോശത്തിനു സാരമായ തകരാർ ബാധിച്ചതിനാൽ വെന്റിലേറ്ററിൽ തുടരുകയാണ്. പ്രിയഗായകനായി തമിഴകം പ്രാർഥനയിലാണ്. ഓഗ്സറ്റ് 20നു അദ്ദേഹത്തിന്റെ രോഗശാന്തിക്കായി തമിഴ്നാട്ടിലുടനീളം സംഗീതാർച്ചന നടത്തിയിരുന്നു.







































