ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ എ.വി.എം ആശുപത്രി അടച്ചു. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആശുപത്രി അടച്ചത്.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ എഴുന്നൂറിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.
ചെന്നൈയാണ് ഹോട്ട്‌സ്‌പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊവിഡ് പൊസിറ്റീവായ ദല്‍ഹി സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ക്കായി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇയാള്‍ ചരക്ക് വാഹനത്തില്‍ ചെന്നൈയിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.









































