പാട്ന: പ്ലസ് വൺ വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി. സംഭവത്തെതുടർന്ന് അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹരിയാനയി കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് തന്‍റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാർഥിക്കൊപ്പം ഒളിച്ചോടിയത്. ഇവർ വിദ്യാർഥിക്ക് ട്യൂഷനും എടുത്തിരുന്നു. മുപ്പതുകളോടടുപ്പിച്ച് പ്രായമുള്ള അധ്യാപിക, വിവാഹമോചിതയായ ശേഷം മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു.
അധ്യാപികയെയും വിദ്യാർഥിയെയും കാണാതായതോടെ കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിനൽകി. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷൻ നൽകി വരികയായിരുന്നു എന്ന കാര്യവും ഇവർ പൊലീസിനോട് പറഞ്ഞു.
ലോക്ക് ഡൗൺ സമയത്ത് ദിവസവും നാല് മണിക്കൂറോളം ഇവർ വിദ്യാർത്ഥിക്ക് ട്യൂഷനെടുക്കാറുണ്ടായിരുന്നു. സംഭവദിവസം വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ടീച്ചറുടെ വീട്ടിലേക്ക് അന്വേഷിച്ചു പോവുകയായിരുന്നു.
അവിടെ എത്തിയപ്പോഴാണ് അധ്യാപികയെയും കാണാനില്ലെന്ന് വിവരം അറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.