ന്യൂദല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ ഡല്‍ഹി സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് പോലീസ്.
അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തിരുന്നത്. അവർ ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പോലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ വെച്ച് സംഘര്‍ഷമുണ്ടായി.
കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി അതിർത്തിയിൽ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് അടക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സമരത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ തങ്ങള്‍ ദല്‍ഹിയിലേക്ക് പോകുന്നത് ജയിക്കാനാണെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ അറിയിച്ചു.





































