തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടാൻ ഇ.ഡി ശ്രമിചെന്നും ആരോപിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണ്ണകടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. റിട്ട. ജഡ്ജി വി കെ മോഹനായിരിക്കും അന്വേഷണ കമ്മീഷൻ.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന്‍ പ്രതികൾക്കുമേലുള്ള സമ്മർദം ഉണ്ടെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇ.ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
                






































