ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രാംപൂരിൽ ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും ഇന്ന് രവിലെയോടെ മരണമടഞ്ഞത്.
മറ്റൊരു സൈനികനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ രാംപുർ ജില്ലയിൽ ഇന്നലെ വൈകുന്നേരം 3:30 ഓടെയാണ് വെടിവെപ്പുണ്ടായത്. ഹവൽദാർ ഗോകരൺ സിങ്ങും നായിക് ശങ്കർ എസ്പികോയിയുമാണ് വീരമൃത്യു വരിച്ചത്.
ഏപ്രിൽ 30 ന് നിയന്ത്രണ രേഖയിലെ പൂഞ്ചിൽ പാക്കിസ്ഥാൻ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിക്കുകയും ഉറിയിലെ ഇന്ത്യൻ ആർമി പോസ്റ്റിൽ കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തതിന് ശേഷം ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയതായി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെമുതൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ നടത്തിയ കനത്ത ഷെല്ലാക്രമണം പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി പ്രദേശവാസികൾ അറിയിച്ചു.
മാത്രമല്ല ബാരാമുള്ളയിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) അബ്ദുൽ ഖയൂം നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണം സ്ഥിരീകരിച്ചു. പ്രദേശത്ത് ഷെല്ലാക്രമണത്തിനിടെ ആരുടെയും ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.