തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സഹീറാബാദ് മണ്ഡലില്‍ ജൈവ ഡീസലും മറ്റ് ജൈവ ഇന്ധനങ്ങളും സംഭരിക്കുന്ന ടാങ്കുകളില്‍ വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
മൂവരും ജോലി ചെയ്തുകൊണ്ടിരിക്കെ ടാങ്കിന്റെ മേല്‍ക്കൂര പൊളിഞ്ഞ് തൊഴിലാളികള്‍ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 28 ഉം 30 ഉം പ്രായമുള്ള തൊഴിലാളികളാണ് മരിച്ചത്.
വിശാഖ പട്ടണത്ത് ഫാക്ടറിയില്‍നിന്നും വിഷ വാതകം ചോര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്ലാന്റില്‍ വീണ് മരിച്ചിരിക്കുന്നത്.






































