gnn24x7

നാക്ക് മുറിച്ച്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി അത്യാസന്ന നിലയില്‍

0
274
gnn24x7

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്തൊമ്പതു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അവശനിലയിലായ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തില്‍ നാല് പേരേ അറസ്റ്റ് ചെയ്തു. ഹത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പം കൃഷിസ്ഥലത്തേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്നുള്ള പരിശോധനയില്‍ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചതായി കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രദേശവാസിയായ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നി പ്രതികളെയും അറസ്റ്റ് ചെയ്തതായി എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു. ഈ നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്.പി അറിയിച്ചു.

പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. കുട്ടിയുടെ കഴുത്തിന്റെ ഭാഗത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. അലിഡഢ് ജെ.എന്‍ മെഡിക്കല്‍ കോളെജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here