ലക്‌നൗ: ഉത്തർപ്രദേശ് തലസ്ഥാന നഗരമായ ലഖ്‌നൗവിലുള്ള വീട്ടിൽ വെച്ച് ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച യുപി ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ എസ്‌ഐടിയുടെ ഭാഗമായിരുന്നു ഡിഐജി ചന്ദ്ര പ്രകാശ്.
ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ കുടുംബ വസതിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ പ്രകാശ് (36) തൂങ്ങിമരിച്ചതെന്നാണ് റിപ്പോർട്ട്. ആത്മഹത്യയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചില്ല. അതേസമയം, ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചെന്ന് യു.പി പൊലീസ് പറഞ്ഞു.





































