ന്യുഡൽഹി: യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇക്കാലയളവില്‍ 50000 രൂപയാണ് പിന്‍വലിക്കാവുന്ന പരമാവധി തുക.
ചികിത്സ, ഉന്നത വിദ്യാഭ്യാസം, വിവാഹം പോലുള്ള അടിയന്തര സാഹചര്യങ്ങളുള്ളവർക്ക്പിൻവലിക്കൽ നിയന്ത്രണത്തിൽ നിന്ന് ഒഴിവുണ്ടെന്ന് ധനമന്ത്രായലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു
യെസ് ബാങ്കിന് വായ്പാ നഷ്ടം നികത്തുന്നതിനാവശ്യമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭരണപരമായ ഗൗരവ പ്രശ്നങ്ങളാണ് യെസ് ബാങ്ക് നേരിടുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി. 30 ദിവസത്തിനുള്ളില്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. യെസ് ബാങ്കിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി എസ്.ബി.ഐ മുന്‍ ഡി.എം.ഡി പ്രശാന്ത് കുമാറിനെ നിയോഗിച്ചു.
പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആർ.ബി.ഐ അറിയിച്ചു. കടുത്ത പ്രതിസന്ധിയിലായ യെസ് ബാങ്കിനെ ഏറ്റെടുക്കാന്‍ എസ്.ബി.ഐ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എൽ.ഐ.സിയും യെസ് ബാങ്കില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എസ്.ബി.ഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.




































