ന്യൂഡൽഹി: അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്. അടുത്ത മൂന്ന് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഓഹരി നിലവിലെ 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംഭാവന അടുത്ത മൂന്ന് മാസത്തേക്ക് നിലവിലെ 12 ശതമാനമെന്നത് 10 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു.
ഈ പുതിയ നീക്കത്തിലൂടെ ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ ചെറിയ വർദ്ധനവ് ഉണ്ടാകും. എന്നാൽ, സർക്കാർ നടത്തുന്ന പൊതുമേഖല സംരംഭങ്ങൾക്ക് ഇത് ബാധകമല്ല. പുതിയ നീക്കം 6.5 ലക്ഷം സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ 6,750 കോടി രൂപയുടെ പണലഭ്യത നൽകുമെന്നും സർക്കാർ പറയുന്നു.
പിഎം ഗരിബ് കല്യാൺ പാക്കേജിനും അതിന്റെ വിപുലീകരണത്തിനും കീഴിൽ 24 ശതമാനം ഇപിഎഫ് പിന്തുണയ്ക്ക് അർഹതയില്ലാത്ത തൊഴിലാളികൾക്കും ഈ പദ്ധതി ബാധകമാണ്.





































