കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഒരു വനിതാ വാർത്താ അവതാരകയേയും പ്രവർത്തകനേയും വ്യാഴാഴ്ച വെടിവച്ച് കൊന്നു. എനികാസ് ടിവിയിലെ റിപ്പോര്‍ട്ടറായ മലാലായി മായിവാന്ദും ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ മായിവാന്ദിനും ഡ്രൈവർ മുഹമ്മദ് താഹിറിനും നേരെ അക്രമികൾ വെടിവെക്കുകയായിരുന്നു. മൈവന്ദ് പ്രവിശ്യയിലെ സ്വകാര്യ എനികാസ് റേഡിയോ, ടിവി ചാനലിന്റെ അവതാരകയായി നാലുവർഷത്തോളമായി പ്രവർത്തിച്ചു വരികയായിരുന്നു.

ഒരു പത്രപ്രവർത്തകയായി ജോലി ചെയ്യുന്നതിനു പുറമേ, അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി വാദിച്ച ഒരു പ്രവർത്തക കൂടിയായിരുന്നു മൈവാന്ദ്. രാജ്യത്ത് ഒരു വനിതാ റിപ്പോർട്ടറാകാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ മുമ്പ് പരസ്യമായി സംസാരിച്ചിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ മൈവാന്ദിന്റെ അമ്മയും അഞ്ച് വർഷം മുമ്പ് അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയിരുന്നു.
കൊലപാതകത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കണമെന്നും അഫ്ഗാന്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.