gnn24x7

തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം

0
305
gnn24x7

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം. തുര്‍ക്കി സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലില്‍ വെച്ച് മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് കൊച്ചാക്ക് മരിച്ചത്.

2015ല്‍ മെഹ്മത് സെലിം എന്ന അഭിഭാഷകനെ വധിച്ചതുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമെത്തിച്ചു നല്‍കിയെന്നാരോപിച്ചാണ് മുസ്തഫ കൊച്ചാക്കിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുന്നത്.  ഈ കേസില്‍ ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫ കൊച്ചാക്ക് നിരാഹാര സമരം ആരംഭിച്ചത്.

മെഹ്മത് സെലിമിന്റെ വധവുമായി തനിക്ക് ബന്ധമില്ലെന്നും സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു നല്‍കിയിട്ടില്ലെന്നും തന്നെ മര്‍ദിച്ച് കുറ്റ സമ്മതം നടത്തിയതാണെന്നും മുസ്തഫ കൊച്ചാക്ക് പറഞ്ഞിരുന്നു.

നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നും ഭരണഘടന അട്ടിമറിച്ചെന്നും ആരോപിച്ചാണ് മുസ്തഫ കൊച്ചാക്കിനെ ശിക്ഷിക്കുന്നത്. 2017 ഒക്ടോബര്‍ 4നാണ് കൊച്ചാക്കിനെ അറസ്റ്റു ചെയ്യുന്നത്.

12 ദിവസത്തോളം തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്നും തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും കൊച്ചാക്ക് തന്റെ അഭിഭാഷകനെഴുതിയ കത്തില്‍ വിശദീകരിക്കുന്നുണ്ട്.

മുസ്തഫയുടെ കേസ് വാദിക്കുന്ന തുര്‍ക്കിയിലെ നിയമ ഗ്രൂപ്പായ ഹല്‍ക്കിന്‍ ഹുക്കുക് ബുറോസുവാണ് വെള്ളിയാഴ്ച കൊച്ചാക്കിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. അവരുടെ കക്ഷിക്ക് ശരിയായ വിചാരണയ്ക്കുള്ള അവകാശം നിഷേധിച്ചുവെന്നും നിയമ ഗ്രൂപ്പ് അറിയിച്ചു.

ഒരു സാക്ഷിയെപോലും കോടതിയില്‍ വിസ്തരിക്കാന്‍ അനുവദിക്കാതെ ഭരണകൂടമാണ് കൊച്ചാക്കിനെ കൊലപ്പെടുത്തിയതെന്ന് നിയമ ഗ്രൂപ്പ് ട്വിറ്ററില്‍ കുറിച്ചു.

തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച ജനപ്രിയ ഫോക്ക് സംഗീത ഗ്രൂപ്പായ ഗ്രപ്പ് യോറത്തിലെ ഗായികയും ഏപ്രില്‍ ആദ്യം തുര്‍ക്കിയില്‍ മരിച്ചിരുന്നു. നിരാഹാരം ആരംഭിച്ച് 288ാം ദിവസമാണ് ഗായികയായ ഹെലിന്‍ ബോലെക് മരിച്ചത്.

ബാന്‍ഡിനെതിരേയും അംഗങ്ങള്‍ക്കെതിരെയുമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഏപ്രില്‍ 3ന് ഇസ്താംബൂളിലെ വീട്ടില്‍വെച്ചായിരുന്നു ഹെലിന്‍ ബോലെക് അന്തരിച്ചത്.

തങ്ങളുടെ ബാന്‍ഡിനോടുള്ള തുര്‍ക്കി സര്‍ക്കാറിന്റെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം ആരംഭിച്ചതെന്ന് ഗ്രൂപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തെ പറഞ്ഞിരുന്നു.

പ്രതിഷേധ ഗാനങ്ങള്‍ക്ക് പേര് കേട്ട ബാന്‍ഡാണ് ഗ്രപ്പ് യോറം. നിരോധിച്ച റെവലൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രന്റുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറിന്റെ ആരോപണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here