gnn24x7

ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം

0
280
gnn24x7

തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിഷേധം നടന്നത്.

അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവുമായി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബെന്നി ഗാന്റ്‌സിന്റെ ശ്രമത്തിനെതിരായാണ് പ്രതിഷേധം. ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന ബാനറുകളുമായാണ് 2000 ത്തിലേറെ പേര്‍ തെരുവിലിറങ്ങിയത്. തെല്‍ അവിവിലെ റാബിന്‍ സ്വകയറിലാണ് പ്രതിഷേധം നടന്നത്. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പരസ്പരം അകലം പാലിക്കുകയും മാസ്‌കുകള്‍ ധരിക്കുകയും ചെയ്തിരുന്നു.

നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ട്ടിയും ബെന്നി ഗാന്റസിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും തമ്മില്‍ സംയുക്ത സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കവെയാണ് പ്രതിഷേധം നടക്കുന്നത്. നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട ബെന്നി ഗാന്റ്‌സിന് അനുമതി ആദ്യം പ്രസിഡന്റ് നിഷേധിച്ചെങ്കിലും പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു.

നെതന്യാഹുവിന്റെ പ്രധാന രാഷട്രീയ എതിരാളിയ ബെന്നി ഗാന്റ്‌സ് ചെറുപാര്‍ട്ടികളെ കൂട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങിയതായിരുന്നു. എന്നാല്‍ ഇസ്രഈലില്‍ കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ നെതന്യാഹുവുമായി അടിയന്തര സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരു പാര്‍ട്ടികളും തമ്മില്‍ അടിയന്തര സര്‍ക്കാരിന് ധാരണയായാല്‍ ഒന്നര വര്‍ഷക്കാലം നെതന്യാഹു തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തുണ്ടാവുക. മൂന്ന് വ്യത്യസ്ത അഴിമതിക്കേസുകളിലായി അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ കൈക്കൂലി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളുടെ വിചാരണയും അനിശ്ചിതത്തിലാണ്.

ഇസ്രഈലില്‍ 13000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 172 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ഭാഗിക ലോക്ഡൗണില്‍ ശനിയാഴ്ച ചില ഇളവുകള്‍ ഇസ്രഈല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here