ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം നവീകരിച്ചതിൽ പ്രതിഷേധിച്ച് ഒരു ജനക്കൂട്ടം ക്ഷേത്രം നശിപ്പിക്കുകയും തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് തീവ്ര ഇസ്ലാമിക പാർട്ടിയിലെ 26 പേരെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഖൈബർ പഖ്തുൻഖ്‌വയിലെ കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തിനെ പുതുക്കിപ്പണിയുന്നതിനുള്ള ജോലികൾ നടക്കുന്ന സമയത്തു പ്രതിഷേധവുമായി എത്തിയ അക്രമികൾ ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പാക്കിസ്ഥാന്റെ ഫെഡറൽ പാർലമെന്ററി സെക്രട്ടറി ലാൽ ചന്ദ് മാൽഹി ക്ഷേത്രത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ചു. പാക്കിസ്ഥാനെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഗ്രൂപ്പുകൾ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടി, ഇത്തരം സംഭവങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും മാൽഹി പറഞ്ഞു.