തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇസ്രഈല്‍ സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രിയുമായി ഇടപഴകിയ ഈ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ നെതന്യാഹുവും കൊവിഡ് പരിശോധനയക്ക് വിധേയമാകേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നും കൊവിഡ് പരിശോധനയക്ക് വിധേയമാകണമെന്നുമാണ് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ നെതന്യാഹുവിന്റെ നിരീക്ഷണം സംബന്ധിച്ചോ, തുടര്‍ന്നുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം തീരുമാനങ്ങളെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്റ് ചര്‍ച്ചയിലുള്‍പ്പെടെ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ പങ്കെടുത്തിരുന്നു. ഇസ്രഈലില്‍ നിലവില്‍ കൊവിഡ് ബാധിച്ച് 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇസ്രഈലില്‍ പലയിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 15 ന് നെതന്യാഹു കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.





































