സാവോപോളോ: ബ്രസീലിലെ തിരക്കേറിയ നഗരമായ മനാസിൽ മരിച്ച കൊവിഡ് രോഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും നഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു സെമിത്തേരിയിൽ കുഴി കുഴിച്ച് മരിച്ചവരെ ഒരുമിച്ചാണ് അടക്കം ചെയ്യുന്നത്. പല ബന്ധുക്കളും ഇത്തരത്തിൽ ഉള്ള ശവസംസ്കാരം ഒഴിവാക്കാനായി മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.
മനാസിൽ ഇതിനോടകം ആറായിരം പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 27,00 കിലോമീറ്റർ അകെലെയുള്ള സാവോ പോളോവിൽ നിന്ന് അടിയന്തിരമായി ശവപ്പെട്ടികൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് നാഷണൽ ഫ്യൂണറൽ ഹോം അസോസിയേഷൻ ഇപ്പോൾ. മനാസിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളില്ലാത്തതും നഗരത്തിന് വെല്ലുവിളിയാണ്.
വനപ്രദേശത്തിന് സമീപമുള്ള മനാസിൽ 20 ദശലക്ഷത്തോളം ആളുകളുണ്ടെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്. ഉൾപ്രദേശങ്ങളിൽ നിന്നുള്ളവരും ചികിത്സയ്ക്കായി ഇവിടെയാണ് എത്താറുള്ളത്. കൊവിഡ് മഹാമാരി പടർന്നു പിടച്ചതിനു ശേഷം ഒരു ദിവസം 130നടുത്ത് ആളുകൾ ഇവിടെ മരിക്കുന്നുണ്ടെന്നാണ് ആരോഗ്യ സെക്രട്ടറി പറയുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തെ അവഗണിച്ചത് രോഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.
റിയോയിലും സാവോ പോളോവിലും ഉയർന്നു വരുന്ന രോഗബാധിതരുടെ എണ്ണം ഈ നഗരങ്ങൾക്കടുത്തുള്ള ദരിദ്ര പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകളും ബ്രസീലിൽ നിന്ന് ഉയരുന്നുണ്ട്.