ബീജിങ്ങ്: ലോകത്തെയാകെ അടച്ചുപൂട്ടലിലാക്കിയ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഏതാണ്ട് നിയന്ത്രണവിധേയമായി. രണ്ട് പുതിയ കൊറോണ വൈറസ് കേസുകളാണ് ചൈനയിൽ ശനിയാഴ്ച സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ചൈനീസ് ആരോഗ്യ വിഭാഗം അധികൃതർ പറയുന്നു.
പുതിയ കേസിൽ ഒരെണ്ണം ബീജിംഗിന് പടിഞ്ഞാറ് ഉൾനാടൻ പ്രവിശ്യയായ ഷാങ്‌സിയിലാണ് ഒരു കേസ് റിപ്പോർട്ട് ചെയ്തത്, മറ്റൊന്ന് ഷാങ്ഹായിൽ വിദേശത്തുനിന്ന് വന്നയാളിലാണ്.
ഇതോടെ ചൈനയിൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 82,877 ആണ്. മിക്ക രോഗികളും സുഖം പ്രാപിക്കുകയും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ചൈന ശനിയാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഔദ്യോഗിക മരണസംഖ്യ 4,633 ആയി. എല്ലാ വിദേശികളെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് സർക്കാർ തടഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചു. ഇതോടെ നിലവിൽ ചൈനീസ് പൗരന്മാർക്ക് വിദേശത്തുനിന്നും മടങ്ങിയെത്താൻ സാധിക്കില്ല.
ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.40,000 കടന്നു. 2,40,231 മരണങ്ങളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 33,71,435 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.