gnn24x7

കോവിഡിനെ പ്രതിരോധിക്കാന്‍ ചൈന നിര്‍മ്മിക്കുന്ന വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുക പാക്കിസ്ഥാനില്‍

0
318
gnn24x7

ഇസ്ലാമാബാദ്: രാജ്യത്തെ കൂപ്പുകുത്തുന്ന സമ്പദ് വ്യവസ്ഥിതി ഒരു ഭരണാധികാരിയെ എന്തിനെല്ലാം നിര്‍ബന്ധിതനാക്കും എന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങള്‍  വെളിവാക്കുന്നത്.

ദിനംപ്രതി വര്‍ദ്ധിക്കുന്ന രോഗികളു൦  മതിയായ ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതും പാക്കിസ്ഥാനെ വിഷമസന്ധിയിലാക്കിയിരിയ്ക്കുകയാണ്. ഈ അവസരത്തിലാണ് ഉറ്റ സുഹൃത്തായ ചൈന നല്‍കിയ നിര്‍ദ്ദേശം പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്. 

കോവിഡിനെ പ്രതിരോധിക്കാന്‍ ചൈന നിര്‍മ്മിക്കുന്ന വാക്സിൻ മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷം മനുഷ്യരില്‍ പരീക്ഷിക്കുക പാക്കിസ്ഥാനിലായിരിക്കും! ഇത് സംബന്ധിച്ചു ചൈനയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായതായി അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയും  പാക്കിസ്ഥാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമാണ് വാക്സിൻ  മനുഷ്യരില്‍ പരീക്ഷിക്കാന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

ഇത്തരത്തില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ക്ലിനിക്കൽ ട്രയൽ,  COVID-19 വാക്സിന്‍ എത്രമാത്രം ഫലപ്രദമാണെന്നും ഇത് മനുഷ്യരിൽ എന്തെങ്കിലും പാർശ്വഫലങ്ങൾ  സൃഷ്ടിക്കുമോ എന്നും കണ്ടെത്താന്‍ ഈ ക്ലിനിക്കൽ ട്രയൽ  ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയെ സഹായിക്കും.

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ക്ലിനിക്കൽ  ട്രയൽ ആരംഭിക്കുമെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ തവണ മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷമാണ്  ഒരു വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുന്നത്.  ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പല ഘട്ടങ്ങൾക്ക് ശേഷമാണ് ഒരു വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമെന്ന് പ്രഖ്യാപിക്കുന്നത്. എന്നാല്‍,  മൃഗങ്ങളിൽ  വിജയകരമാവുന്ന ഒരു വാക്സിൻ എല്ലായ്പ്പോഴും മനുഷ്യരില്‍ അതേ ഫലങ്ങള്‍ നല്‍കാറില്ല… അതിനാല്‍, മനുഷ്യരില്‍ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് നിരവധി അപകടങ്ങളുണ്ട്, മരുന്നിന്‍റെ പാർശ്വഫലങ്ങൾ അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ കാരണങ്ങളാൽ ഒരാളുടെ ജീവൻതന്നെ  അപകടത്തിലാക്കാനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നു… 

നിലവിൽ, ലോകത്തിലെ ഒരു രാജ്യവും മാരകമായ കൊറോണ വൈറസിനുള്ള വാക്സിൻ തയ്യാറാക്കുന്നതിൽ വിജയിച്ചിട്ടില്ല. ഈ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമാകുകയാണെങ്കിൽ, ചൈനയിൽ നിന്ന് ഈ വാക്സിൻ എത്രയും വേഗം സ്വന്തമാക്കാമെന്നാണ് പാക്കിസ്ഥാന്‍റെ കണക്കു കൂട്ടല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here