ബീജിംഗ്: കോവിഡ് 19 രോഗബാധ അടക്കമുള്ള വിഷയങ്ങളിൽ അമേരിക്കയും ചൈനയും തമ്മിൽ നിലനിർക്കുന്ന തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. അമേരിക്കൻ മാധ്യമപ്രവർത്തകരോട് രാജ്യം വിടാൻ ചൈനയുടെ നിർദേശം. ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ ലോകപ്രശസ്ത അമേരിക്കൻ മാധ്യമങ്ങളെയാണ് ചൈന വിലക്കിയിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ പ്രസ് കാർഡ് തിരികെ നൽകണമെന്നും നിർദേശിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകർക്ക് അമേരിക്ക അടുത്തിടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനു മറുപടിയായാണ് ചൈന ഈ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ അഞ്ച് മീഡിയകളിലെ ചൈനീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്ക നിർദേശിച്ചിരുന്നു. അമേരിക്കയിലെ ചൈനീസ് മാധ്യമങ്ങൾ നേരിടുന്ന അടിച്ചമർത്തല്‍ നടപടികൾക്ക് തിരിച്ചടിയാണ് ഈ നടപടിയെന്ന് ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.




































