ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്.
ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍. 1255 പേര്‍ 24 മണിക്കൂറില്‍ മരിച്ചപ്പോള്‍ ആകെ മരണസംഖ്യ തൊണ്ണൂറ്റിആറായിരം കടന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ പതിനാറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ട രാജ്യങ്ങളില്‍ ഇന്ത്യക്ക് താഴെയായി പെറുവും ഇടം പിടിച്ചു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ആദരസൂചകമായി അമേരിക്കയില്‍ മൂന്ന് ദിവസം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
അതേസമയം, ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. രോഗ ബാധിതര്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നതായാണ് ഒദ്യോഗിക കണക്ക്. ആകെ മരണം 1454 ആയി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ നാല്‍പതിനായിരം കടന്നു. ഇന്നലെ 2345 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 41,642 ആയി. ഗുജറാത്തിലും തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.