gnn24x7

കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

0
355
gnn24x7

ജനീവ: കൊറോണ വൈറസിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏറെ ദുരിതം വിതച്ച സ്പാനിഷ് ഫ്‌ളുവിനെ തുടച്ചുനീക്കാനെടുത്തയത്രയും സമയം കൊവിഡിന് ഉണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

‘രണ്ട് വര്‍ഷത്തിനുള്ളില്‍ കൊവിഡ് 19 നെ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളവത്കരണവും രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പവും രോഗം ലോകത്താകമാനം പടരാന്‍ കാരണമായി. അതേസമയം ഇന്ന് സാങ്കേതികത ഏറെ മുന്നിലാണ്. വാക്‌സിന്‍ പോലുള്ള നൂതന സങ്കേതങ്ങളുപയോഗിച്ച് ഏകദേശം രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കൊവിഡിനെ ഇല്ലാതാക്കാന്‍ കഴിയും. 1918 ല്‍ ലോകത്തെ ഭയപ്പെടുത്തിയ സ്പാനിഷ് ഫ്‌ളുവിനെ നിര്‍മാര്‍ജനം ചെയ്തതിനെക്കാള്‍ വേഗത്തില്‍ നമുക്ക് കൊറോണയെ തുരത്താനാകും’- ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെട്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.

ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധിയെന്നാണ് സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയെ വിശേഷിപ്പിക്കുന്നത്. ഈ രോഗം ബാധിച്ച് ഏകദേശം 50 ദശലക്ഷം പേരാണ് മരിച്ചത്.

1918 ലാണ് സ്പാനിഷ് ഫ്‌ളു വ്യാപകമായി പടരാന്‍ തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചുവീണവരെക്കാള്‍ അഞ്ചിരട്ടി ആളുകളാണ് ഈ രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയിലായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് യൂറോപ്പിലേക്ക് വ്യാപിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് രോഗം പകര്‍ന്നത്. സ്പാനിഷ് ഫ്‌ളുവിന്റെ ഏറ്റവും മാരകമായ രണ്ടാം വരവ് 1918 ന്റെ അവസാന പകുതിയിലാണ് ആരംഭിച്ചത്.

അതേസമയം കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം 2,28,61,688 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് രോഗം ബാധിച്ചത്. 7,97,105 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 57,46,272 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. രണ്ടാമതുള്ള ബ്രസീലില്‍ 35,05,097 പേര്‍ക്ക് രോഗം ബാധിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here