ചൈനയെ വിവിധ രംഗങ്ങളിൽ സഹായിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാഷ്ട്രീയകാർക്കും സാമ്പത്തിക ഉപദേഷ്ടാക്കൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ. കോവിഡ് 19 രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിൽ ചൈനയുടെ കച്ചവട താൽപര്യങ്ങളാണെന്ന ആരോപണം ബ്രിട്ടനിൽ ശക്തമാകുന്നതിനിടെയാണ് നടപടി.
ബ്രിട്ടീഷ് പാർലമെന്‍റിലെ വിദേശകാര്യ സമിതിയുടെ ചെയർമാൻ ടോം തുഗെധാറ്റിനെ ഉദ്ധരിച്ച് ഡെയ്ലിമെയിൽ ആണ് അന്വേഷണ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചൈനയെ സാമ്പത്തിക കാര്യങ്ങളിൽ സഹായിച്ച് ലാഭമുണ്ടാക്കിയിട്ടുള്ളവർ അന്വേഷണം നേരിടേണ്ടിവരുമെന്നാണ് തുഗെധാറ്റ് പറഞ്ഞത്. ഇപ്പോഴും ബ്രിട്ടീഷ് പാർലമെന്‍റിലുള്ള ചിലർ ചൈനീസ് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആപ്പിളിന്‍റെ ഗ്രാഫിക് ചിപ്പുകൾ നിർമ്മിച്ചുനൽകുന്ന ബ്രിട്ടീഷ് കമ്പനിയായ ഇമാജിനേഷൻ ടെക്നോളജീസുമായി കാന്യോൻ ബ്രിഡ്ജ് എന്ന ചൈനീസ് കമ്പനിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2017ൽ ഇരു കമ്പനികളും തമ്മിൽ 55 കോടി യൂറോയുടെ ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഇവർ തമ്മിലുള്ള ഇടപാടിന് പിന്നീൽ ചില ബ്രിട്ടീഷ് എംപിമാർക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പാർലമെന്‍റ് അന്വേഷണവുമായി രംഗത്തെത്തിയത്. ബ്രിട്ടീഷ് കമ്പനിയുടെ ബൌദ്ധിക സ്വത്തവകാശം ചൈനയിലെ കമ്പനിക്ക് കൈമാറുമോയെന്ന ആശങ്കയ്ക്കിടെയാണ് നടപടി.




































