ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും ഫലസ്തീനിലെ ഗാസയിലേക്കും ഇസ്രഈല്‍ സൈന്യത്തിന്റെ മിസൈലാക്രമണം. ഡമാസ്‌കസിലെ രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അക്രമണമുണ്ടായത്. മിസൈലാക്രമണം നടന്നതായി ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചു.
20 ലേറെ മിസൈലുകളാണ് ഇസ്രഈല്‍ സൈന്യം ഡമാസ്‌കസിലേക്ക് വിന്യസിച്ചത്. ഡമാസ്‌കസ് അന്താരാഷ്ട്ര വിമനാത്താവളത്തിന് സമീപമാണ് ആക്രമണം നടന്നത്.
ഇസ്രഈല്‍ വിന്യസിച്ച മിസൈലുകളില്‍ മിക്കതും ഡമാസ്‌കസിലേക്ക് പതിക്കുന്നതിനു മുമ്പ് തകര്‍ത്തു കളഞ്ഞതായ സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ സര്‍ക്കാരിനെതിരെയും സര്‍ക്കാരിന്റെ സഖ്യമായ ഇറാന്‍ സേനയ്‌ക്കെതിരെയും ഇസ്രഈല്‍ നേരത്തെയും ആക്രമണം നടത്തിയുട്ടുണ്ട്.
ഗാസ അതിര്‍ത്തിയായ റാഫയിലാണ് ഇസ്രഈല്‍ മിസൈലാക്രമണമുണ്ടായത്. ഇവിടെ നാലു പേര്‍ക്കു പരിക്കു പറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസ അതിര്‍ത്തിയില്‍ വെച്ച് ഫലസ്തീന്‍ പൗരനെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്. കൊല്ലപ്പെട്ട ഫലസ്തീന്‍ യുവാവിന്റെ മൃതദേഹം ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇത് ഫലസ്തീനില്‍ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.




































