ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടന്നു പോയ അമ്മയെ തടഞ്ഞ് പോലീസ്. സംശയം തോന്നി വഴിയാത്രക്കാർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ഉക്രൈനിലെ പേര് വെളിപ്പെടുത്താത്ത 29 കാരിയായ അമ്മയോട് ചോദിച്ചപ്പോൾ കുഞ്ഞിനെ ‘നടക്കാൻ’ കൊണ്ടുപോയതെന്നായിരുന്നു വിചിത്രമായ മറുപടി.
കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചി നോക്കി താരാട്ട് പാടി നടന്നു പോകുന്ന സ്ത്രീയെക്കണ്ട് വഴിയാത്രക്കാർക്ക് സംശയം തോന്നിയിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട ഒരു വഴിപോക്കൻ അൽപ്പനേരം ശ്രദ്ധിച്ചപ്പോഴാണ് അത് സഞ്ചിയുടെ ഉള്ളിൽ നിന്നും വരുന്നതെന്ന് മനസ്സിലായത്. സഞ്ചിയിൽ എന്തെന്ന് നോക്കാൻ ആഞ്ഞപ്പോൾ ‘വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് യുവതി വേഗത്തിൽ നടന്നു പോവുകയായിരുന്നത്രെ.
ഒടുവിൽ പോലീസെത്തി യുവതിയെ തടയുകയായിരുന്നു. ശേഷം കുഞ്ഞിനെ പുറത്തെടുത്തു. ‘കുഞ്ഞിനെ വെറുതെ വിടണം, അവൻ ജീവനോടെയുണ്ട്, അവൻ സുഖമായിരിക്കുന്നു’ എന്നെല്ലാം പോലീസുകാരോട് പറഞ്ഞ് യുവതി ബഹളം കൂട്ടാൻ തുടങ്ങി.
എന്നാൽ കുഞ്ഞിന്റെ നിലയെന്താവുമെന്ന ആശങ്ക ചുറ്റും കൂടിനിന്നവർ പങ്കിടുന്നുണ്ട്.
കുഞ്ഞിനെ കട്ടിയുള്ള ജാക്കറ്റ് ധരിപ്പിച്ചിരുന്നു. പുറത്ത് അന്നേരം 30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.
കുഞ്ഞിനെ കാറിന്റെ പിൻസീറ്റിലേക്കു കിടത്തിയ ശേഷം പോലീസ് ആംബുലൻസ് വിളിച്ചു. ശേഷം ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്ന പ്രാം ഇല്ലാതിരുന്നതുകൊണ്ടാണ് മകനെ സഞ്ചിയിലാക്കിയതെന്ന് യുവതിയുടെ വിശദീകരണം.
ആറ് മക്കളുടെ അമ്മയായ ഇവർ ജോലി തേടി വന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. രക്ഷാകർതൃ ചുമതലയിൽ വീഴ്ചവരുത്തിയ യുവതിക്ക് പിഴ അടയ്‌ക്കേണ്ടി വരും എന്ന് പോലീസ് അറിയിച്ചു.






































