തെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ് ബാങ്ക് അധിനിവേശ മേഖലയില്‍ 5000 പുതിയ സെറ്റില്‍മെന്റുകള്‍ക്ക് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇസ്രഈലിലെ ചാനല്‍ സെവന്‍ എന്ന ചാനലിന്റെ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്തു തന്നെ വെസ്റ്റ് ബാങ്ക് മേഖലയില്‍ സെറ്റില്‍മെന്റിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സെറ്റില്‍മെന്റ് കൗണ്‍സിലിനോട് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.
‘വെസ്റ്റ് ബാങ്കില്‍ 5000 ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാന്‍ നെതന്യാഹു കൗണ്‍സിലിനു നിര്‍ദ്ദേശം നല്‍കി,’ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രഈല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെറ്റില്‍മെന്റ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമഫലമായാണ് ഇസ്രഈല്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധിനിവേശ മേഖലയായ വെസ്റ്റ് ബാങ്കിലെ 428,000 ല്‍ അധികം താമസക്കാര്‍ പാര്‍ക്കുന്നതായാണ് കണക്കുകള്‍.
അടുത്തിടെ ഒപ്പുവെച്ച ഇസ്രഈല്‍-യു.എ.ഇ സമാധാന കരാറില്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ കൈയ്യടക്കുന്നത് നിര്‍ത്തുമെന്ന് ഇസ്രഈല്‍ സമ്മതിച്ചിരുന്നതായി യു.എ.ഇ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.







































