കാബൂള്‍: വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറില്‍ താലിബാനും അമേരിക്കയും ഈ മാസം 29 ന് ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ദോഹയില്‍ വച്ചായിരിക്കും ഒപ്പുവെയ്ക്കുന്നതെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേയ്ക്ക് ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് താലിബാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് അറിയിച്ചിട്ടുണ്ട്.
സമാധാന കരാറിനായി അമേരിക്കയും താലിബാനും ചര്‍ച്ച തുടങ്ങിയിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള പതിമൂന്നായിരം യുഎസ് സൈനികരില്‍ പകുതിപ്പേരെ പിന്‍വലിക്കാനാവുമെന്നും പെന്റഗണ്‍ അഭിപ്രായപ്പെട്ടു.
ഇതിനിടയില്‍ ആക്രമണങ്ങള്‍ കുറയ്ക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന്‍ കാണ്ഡഹാറിലെ ഒരു തീവ്രവാദി അറിയിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറാണ് താലിബാന്‍റെ ശക്തികേന്ദ്രം.
താലിബാനും അമേരിക്കയും തമ്മില്‍ കരാര്‍ ഒപ്പുവെക്കാന്‍ സെപ്റ്റംബറില്‍ നീക്കമുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ട്രംപ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയായിരുന്നു.
ഈ മാസംതന്നെ സമാധാനക്കരാറുണ്ടാക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍റെ ഡെപ്യൂട്ടി വക്താവ് സിറാജുദ്ദീന്‍ അറിയിച്ചു.
മാത്രമല്ല രണ്ടു ദശകത്തോളം പോരാടിയ ശത്രുക്കളോട് സംഭാഷണം നടത്താന്‍ തങ്ങള്‍ തയാറായത് തന്നെ മാതൃരാജ്യത്ത് സമാധാനം സ്ഥപിക്കണമെന്ന ആഗ്രഹത്തോടെയാണെന്നും സിറാജുദ്ദീന്‍ അറിയിച്ചു.





































