കോവിഡ് ഭീതിയെ തുടർന്ന് നെതർലന്റിൽ അടച്ചിട്ട മ്യൂസിയത്തിൽ നിന്ന് വിൻസന്റ് വാൻഗോഗിന്റെ വിഖ്യാത പെയിന്റിങ് മോഷണം പോയി. ആംസ്റ്റർഡാമിന് സമീപമുള്ള ദി സിംഗർ ലാരെൻ മ്യൂസിയത്തിൽ നിന്നാണ് പെയിന്റിങ് കാണാതായത്.
1884 ൽ പൂർത്തീകരിച്ച പെയിന്റിങ് Parsonage Garden at Neunen in Spring എന്ന ചിത്രമാണ് മോഷ്ടിക്കപ്പെട്ടത്. പെയിന്റിങ് സൂക്ഷിച്ചിരുന്ന ഗ്ലാസ് ഡോർ തകർത്താണ് മോഷണം നടത്തിയത്. ഏകദേശം 6.6 മില്യൺ ഡോളറാണ് പെയിന്റിങ്ങിന് കണക്കാക്കുന്ന വില.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാൻഗോഗിന്റെ 167ാം ജന്മദിനമായ തിങ്കളാഴ്ച്ചയാണ് മോഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച്ച പുലർച്ചെ 3.15 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മോഷണത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്ന് മ്യൂസിയം ഡയറക്ടർ യാൻ റുഡോൾഫ് പറയുന്നു.
രണ്ടാഴ്ച്ച മുമ്പാണ് കോവിഡിനെ തുടർന്ന് മ്യൂസിയം അടച്ചിട്ടത്.
ഇതിനു മുൻപും വാൻഗോഗിന്റെ മൂന്നോളം പെയിന്റിങ്ങുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.





































