gnn24x7

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

0
247
gnn24x7

ഗൂഗിള്‍ മാപ്പില്‍ നിന്നും ഫലസ്തീന്‍ പുറത്തായെന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഫലസ്തീനു പകരം ഇസ്രഈല്‍ മാത്രമാണ് മാപ്പില്‍ കാണുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇന്ന് മാപ്പില്‍ നിന്നും ഫലസ്തീനെ മാറ്റിയെങ്കില്‍ നാളെ ലോകത്തു നിന്നും ഫലസ്തീന്‍ ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ യഥാര്‍ത്ഥത്തില്‍ മുമ്പേ തന്നെ ഫലസ്തീന്‍ ഉണ്ടായിരുന്നില്ല. 2016 ല്‍ സമാനമായ വാദം ഉയര്‍ന്നപ്പോള്‍ ഗൂഗിളിന്റെ പ്രതിനിധി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത് ഫലസ്തീന്‍ മേഖല ഒരിക്കലും ഗൂഗിള്‍ മാപ്പില്‍ ഉണ്ടായിരുന്നില്ല എന്നാണ്. അന്ന് വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ഗൂഗിള്‍ മാപ്പില്‍ നിന്നും മാറ്റിയതിന്റെ പേരിലായിരുന്നു ഗൂഗിളിനെതിരെ വിമര്‍ശനം ഉയര്‍ന്നത്്. ഇത് പരിഹരിക്കുമെന്നും അന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞിരുന്നു.

യു.എന്‍ ജനറല്‍ അംസബ്ലിയില്‍ വത്തിക്കാന്‍ സിറ്റിക്കു സമാനമായി ഒരു ഒബ്‌സര്‍വര്‍ രാഷ്ട്രമായാണ് ഫലസ്തീനെ പരിഗണിച്ചിരിക്കുന്നത് അംഗ രാഷ്ട്രമായല്ല. യു.എന്‍ സുരക്ഷാ സമിതി പ്രമേയങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ഒരു അംഗരാജ്യമല്ല ഫലസ്തീന്‍. ഇതിനാലാണ് ഗൂഗിള്‍മാപ്പിലെ രാജ്യങ്ങളുടെ മാപ്പില്‍ ഫലസ്തീന്‍ ഇല്ലാത്തത്.

വെസ്റ്റ് ബാങ്ക് മേഖല ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജൂലൈ ഒന്നു മുതല്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ കൂട്ടിച്ചേര്‍ക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. യു.എസില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്തതും ഇസ്രഈല്‍ സഖ്യ സര്‍ക്കാരിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ് കൂട്ടിച്ചേര്‍ക്കല്‍ വൈകുന്നതിന് കാരണമെന്നാണ് സൂചന.

വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം ഭാഗമാണ് ഇസ്രഈലിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here