കീഴടങ്ങാന്‍ കൂട്ടാക്കാതെ മുന്നേറുകയാണ് കൊറോണ വൈറസ്. നിലവില്‍ 208 രാജ്യങ്ങളിലാണ് കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിചിരിയ്ക്കുന്നത്.
ആതുര സേവനത്തിലും സമ്പന്നതയിലും വികസനത്തിലും മുന്നില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കനുസരിച്ച് ആഗോളതലത്തില്‍ മരണസംഖ്യ 67,999ആണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 12,49,107 ആണ്.
ലോകശക്തിയെന്ന് സ്വയം അഭിമാനിച്ചിരുന്ന അമേരിക്കയെയാണ് വൈറസ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ 8454 പേരാണ് അമേരിക്കയില്‍ ആകെ മരിച്ചത്. 3,11,637 പേര്‍ ചികിത്സയിലാണ്. ലോകത്തെ ആകെ കൊവിഡ് രോഗികളില്‍ നാലിലൊന്നും അമേരിക്കയിലാണ് എന്നത് രാജ്യത്തെ ആശങ്കയിലാക്കുന്നു.
ഇന്ത്യയോടും റഷ്യ അടക്കമുള്ള രാജ്യങ്ങളോടും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നിനും മറ്റുമായി സഹായം അഭ്യര്‍ത്ഥിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ അമേരിക്ക. ചൈന 1100 വെന്റിലേറ്റര്‍ ന്യൂയോര്‍ക്കിന് നല്‍കിയതാണ് റിപ്പോര്‍ട്ട്. രോഗ വ്യാപനം കൂടുതല്‍ ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അടിയന്തര സഹായത്തിന് ന്യൂയോര്‍ക്കില്‍ സൈന്യം ഇറങ്ങി. ഒപ്പം ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. കൂടാതെ 50 സംസ്ഥാനങ്ങളില്‍ നൂറിലേറെ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുന്നു.
ന്യൂയോര്‍ക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്ക്, കൈയുറ, ഗൗണ്‍ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങള്‍ കിട്ടുന്നില്ല. ഓക്സിനും ക്ഷാമം. അമേരിക്കയില്‍ ജയിലുകളിലെ നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയ്ക്ക് അടുത്ത രണ്ടാഴ്ച നിര്‍ണായകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് സ്പെയിന്‍ രണ്ടാം സ്ഥാനത്തെത്തിയിരിയ്ക്കുകയാണ്. ഇറ്റലി, ചൈന, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
പ്രതിദിനം വൈറസ് ബാധയും മരണവും വര്‍ധിക്കുന്ന ബ്രിട്ടനിലും യു.എസിലും വരാന്‍പോകുന്നത് ഏറ്റവും മോശമായ ദിവസങ്ങളാണെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്.
രാജ്യം / മരണം/ ബാധിതര്‍
ഇറ്റലി / 15,362 /1,24,632
സ്പെയിന്‍ / 12,418 / 1,30,759
യു.എസ്. / 8480 / 3,12,207
ഫ്രാന്‍സ് / 7560 / 89,953
യു.കെ. / 4934 / 47,806