റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡന്‍സി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നിഷേധിച്ചു. ഫാമിലി വിസിറ്റ് വിസ ഇഖാമ ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് യാതൊരു നിര്‍ദ്ദേശവുമില്ലെന്ന് ജവാസാത്ത് ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.
നിലവിലുള്ള സംവിധാനം ഇത്തരം മാറ്റങ്ങള്‍ അനുവദിക്കുന്നില്ല. ഇത് സംബന്ധമായി എന്തെങ്കിലും പുതിയ തീരുമാനങ്ങളോ നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിക്കുകയാണെങ്കില്‍, അവ തങ്ങളുടെ ഔദ്യോഗീക ചാനലുകള്‍ വഴി അറിയിക്കുമെന്നും ജവാസാത്ത് പറഞ്ഞു.
മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ച ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായാണ് പാസ്പോര്‍ട്ട് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടും, ഫീസ് ഈടാക്കി വിസിറ്റ് വിസയെ റെസിഡന്‍സി വിസയാക്കി മാറ്റാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ പാസ്പോര്‍ട്ട് വിഭാഗം അതൃപ്തി അറിയിച്ചു.

































